ഇത് കഥാബ്ലോഗം

ഈയുള്ളവൻ അവർകളുടെ എല്ലാത്തരം എഴുതക്കങ്ങളും പ്രസിദ്ധീകരിയ്ക്കുന്ന പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്. അതിൽ പ്രസിദ്ധീകരിയ്ക്കുന്ന കഥകൾ മാത്രം ഈ ബ്ലോഗത്ത് വീണ്ടും പോസ്റ്റ് ചെയ്യുന്നു.

Tuesday, December 29, 2009

ചെറിയൊരിഷ്ടം

ചെറിയൊരിഷ്ടം

പെണ്ണിനെ കണ്ടു;
എനിയ്ക്കിഷ്ടമായി!

ആവശ്യത്തിനു
സൌന്ദര്യം;
കറുപ്പിലും വെളുപ്പിലും മിതത്വം പാലിയ്ക്കുന്ന നിറം;
അതുതന്നെ എനിയ്ക്കിഷ്ടം.

എന്റെ
തോളൊപ്പം ഉയരം വരും.
അല്പം മെലിഞ്ഞിട്ടാണ്;
അതിപ്പോ ഞാനും അങ്ങനെ തന്നെ!

ചിരിച്ചില്ലെങ്കിലും
ചുണ്ടിൽ വിരിയുന്ന ഒരു
മന്ദസ്മിതപ്പൂവിന്റെ പൊൻ വെളിച്ചമുണ്ട്, മുഖത്ത്!
മുല്ലപ്പൂവിനോടാണോ, പിച്ചിപ്പൂവിനോടാണോ
അതുമല്ല, എനിക്കേറ്റവും ഇഷ്ടമായ റോസാപ്പൂവിനോടാണോ
അതിനെ ഉപമിയ്ക്കേണ്ടതെന്നറിയില്ല.

എല്ലാം
കൊണ്ടും എന്റെ സങ്കല്പങ്ങൾക്കിണങ്ങുന്ന പെണ്ണ്!

എനിയ്ക്കിനിയൊന്നും
ആലോചിയ്ക്കുവാനില്ല;
ചോദിയ്ക്കാനുമില്ല, പറയാനുമില്ല.
ആർഭാടങ്ങളൊന്നുമില്ലാതെ കാര്യങ്ങൾ അങ്ങോട്ട്......

പക്ഷെ
ചില പ്രശ്നങ്ങൾ.......

ഇനി
ഒരു മൂന്നാന്റെ സഹായം വേണം.
പെണ്ണ് ഏതാണ്, എവിടെയുള്ളതാണ്, എന്തുചെയ്യുന്നു,
ആരുടെ മകളാണ് എന്നൊക്കെ തിരക്കി അറിയണം!

എന്തിന്
, അവൾ വിവാഹിതയാണോ, അവിവാഹിതയാണോ
എന്നു കൂടി അറിഞ്ഞിട്ടുവേണം കാര്യങ്ങൾ;
വിവാഹിതയാണെങ്കിൽ പിന്നെ
ഭർത്താവിന്റെ അനുവാ‍ദവും വേണമല്ലോ!

പിന്നെ
എന്റെ വീട്ടിലും കാര്യങ്ങൾ ധരിപ്പിയ്ക്കണം;
അവിടെയും തീരുന്നില്ല.
ഞാനല്ലേ പെണ്ണിനെ കണ്ടുള്ളൂ.
ഇനി പെണ്ണ് എന്നെ കണ്ടറിയണം.
പെണ്ണിന് എന്നെയും ഇഷ്ടപ്പെടണം....

അങ്ങനെ
ഒത്തിരി ഒത്തിരി നടപടിക്രമങ്ങൾ!
, ഒക്കെ തൊന്തറവാ;
ഞാൻ ബന്ധം വേണ്ടെന്നു വയ്ക്കുന്നു!

ഒരുവഴിയ്ക്കു
പോയിട്ടു വന്ന് ബസുകാത്തു നിന്നതാണ്.
എതിർവശത്തെ സ്റ്റോപ്പിൽ നിന്ന പെണ്ണാണ്.
അവൾ തെക്കോ‍ട്ടുള്ള വണ്ടിയ്ക്കായിരിയ്ക്കണം;
ഞാൻ വടക്കോട്ടും!

അപ്പോ
, എനിയ്ക്കുള്ള വണ്ടി ദാണ്ടെ വന്നു കഴിഞ്ഞു.
എന്നാപ്പിന്നെ, ഞനങ്ങോട്ട്.......

Wednesday, January 14, 2009

കഥ- ഓര്‍മ്മകളില്‍ ഒരു ആത്മഹത്യ

കഥ

ഓര്‍മ്മകളില്‍ ഒരു ആത്മഹത്യ

1

ഇറയത്തെ മണ്‍ചുമരില്‍ ചിതല്‍പ്പുറ്റിന്റെ ബലത്തില്‍ ഉറച്ചിരിയ്ക്കുന്ന പഴകി തുരുമ്പിച്ച ഘടികാരം അതിന്‍റെ വാര്ദ്ധക്യ സഹജമായ ഇടര്‍ച്ചയോടെ പന്ത്രണ്ടു മണികള്‍ മുഴക്കി. ഇനിയും ഉറങ്ങാത്തവര്‍ക്കുള്ള ഒരു താക്കീത് പോലെയാണ് ആ മണി മുഴക്കം എനിയ്ക്ക് അനുഭവപ്പെട്ടത്. ഇതു ഒരു ദിവസത്തിന്‍റെ അവസാനിയ്ക്കലാണ്. ആംഗലേയ ചുരുക്കെഴുത്തില്‍ പി. എമ്മില്‍ നിന്നും എ. എമ്മിലേയ്ക്കുള്ള സ്വാഭാവികമായ മാറ്റം.

മുത്തശ്ശിയുടെ ചെറുപ്പ കാലത്ത് അടുക്കള ഭാഗത്ത് നിന്ന് മണിയെണ്ണി സമയം അറിയാന്‍ വകയില്‍ ഒരു അനന്തിരവന്‍ മലേഷ്യയില്‍ നിന്നും വന്നപ്പോള്‍ സമ്മാനിച്ചതാണ്‌ ആ ഘടികാരം. ചുമരില്‍ ഉറച്ച ആ പുണ്യ ദിനം തൊട്ട് ഇന്നോളം ഒരിക്കല്‍ പോലും കേടു പറ്റിയിട്ടില്ലാത്ത ഒരു ' ഇലക്ട്രോണിക്സ് സര്‍പ്രൈസ് ' ആണ് അത്. അതിന്‍റെ മണിനാദം എണ്ണി കൊതി തീരാത്തതു കൊണ്ടാകാം തൊണ്ണൂറു കഴിഞ്ഞ മുത്തശ്ശി ഇനിയും ഏറെ നാള്‍ ജീവിച്ചിരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നത്.

ദാരിദ്ര്യത്തിന്റെ തൊണ്ണൂറു സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുത്തശ്ശി ഈ വീട്ടിലെ മറ്റൊരു അല്‍ഭുതമാണ്. ഒപ്പം ഈ വീടിന്റെ നിറവും വെളിച്ചവും. മുത്തശ്ശിയില്ലാത്ത ഈ വീടിന്റെ ശൂന്യതയെക്കുറിച്ചു ചിന്തിയ്ക്കുവാനേ കഴിയില്ല.

പിറ്റേന്ന് പരീക്ഷയ്ക്ക് കുട്ടികള്‍ പഠിയ്ക്കുന്നതു പോലെ ഇറയത്തു വര്‍ത്തമാന പത്രത്തിലെ ചരമക്കോളവും ദര്‍ഘാസ് പരസ്യവും വരെ ആവര്‍ത്തിച്ചു വായിച്ചു മന:പാഠമാക്കുന്ന അച്ഛന് പന്ത്രണ്ടിന്റെ മണിയൊച്ചകള്‍ സമയ ബോധം നല്കി. പേപ്പര്‍ മടക്കി വയ്ക്കുന്നതിന്റെ കല പില ശബ്ദം എനിയ്ക്ക് കേള്‍ക്കാം. ഉണ്ണാനും ഉടുക്കാനും ഇല്ലെങ്കിലും പത്ര പാരായണം പണ്ടേ നിര്‍ബന്ധമുള്ള അച്ഛൻ ഈ അര്‍ദ്ധ രാത്രിയിലും സംതൃപ്തിയോടെ അല്ല പത്രം മടക്കുന്നതെന്ന് ആ കലപിലപ്പ് വ്യക്തമാക്കുന്നുണ്ട്.

ഇനിയും വൈദ്യുതി എത്താത്ത ഒരു അവികസിത ഗ്രാമ മേഖലയില്‍ ആണ് ഈ ഭവനം. ഇവിടെ വെളിച്ചത്തിന് ഇന്നും മണ്ണെണ്ണച്ചിമ്മിനികള്‍ ആണ് ശരണം. മണ്ണെണ്ണപ്പുകയും അതിന്‍റെ ഗന്ധവും ഇഷ്ടമാല്ലാത്തതുകൊണ്ട് മിക്കപ്പോഴും അച്ഛന്‍ മെഴുകു തിരികള്‍ ആണ് ഉപയോഗിയ്ക്കുന്നത്. ഇറയത്തു എരിഞ്ഞു കൊണ്ടിരുന്ന മെഴുകു തിരി ഊതി കെടുത്തി കിടന്ന അച്ഛന്‍ നിദ്രയ്ക്ക് സ്വാഗതം ഓതിക്കഴിഞ്ഞു.

കുറച്ചു മുമ്പേ കിടന്ന് ഉറക്കം പൂണ്ട അമ്മയുടെ കൂര്‍ക്കം വലിയ്ക്കൊപ്പം അച്ഛന്റെ നീട്ടിയുള്ള ശ്വസന ഗീതവും ഉയര്‍ന്നു കേള്‍ക്കുകയായി.

ഒരു പക്ഷെ ഞാന്‍ കേള്‍ക്കുന്ന അവസാനത്തെ കൂര്‍ക്കം വലികള്‍!

ഇനി മുത്തശ്ശിയ്ക്കു കൂട്ടിരിയ്ക്കുന്ന ആ ചിമ്മിനി വെട്ടം കൂടി അണയുന്നതു വരെ ഞാന്‍ കാത്തു കിടക്കണം.

അടുക്കളയോട് ചേര്‍ന്നുള്ള മുറിയില്‍ മുത്തശ്ശി തന്റെ ദന്ത രഹിതമായ വായ്ക്ക് പാകമാക്കാന്‍ വെറ്റിലയും പാക്കും ഇടികല്ലില്‍ വച്ച് ഇടിയ്ക്കുന്നതിന്റെ ശബ്ദം അര്‍ദ്ധരാത്രി പിന്നിടുന്ന ഈ സമയത്തും താളാത്മകമായി ഉയര്‍ന്നു കേള്‍ക്കാം. ഈ വീട്ടില്‍ എന്നും അവസാനം ഉറങ്ങാന്‍ മത്സരിച്ചു ജയിക്കുന്ന മുത്തശ്ശിയുടെ ഉറങ്ങുന്നതിനു മുന്പുള്ള അവസാനത്തെ മുറുക്കിനുള്ള ഒരുക്കം.

ഒരു പക്ഷെ ഞാന്‍ കേള്‍ക്കുന്ന അവസാനത്തെ ഇടികല്‍ ശബ്ദം!

മുത്തശി കൂര്‍ക്കം വലിയ്ക്കാറില്ല. ഉറക്കത്തില്‍ ഒരു അപ ശബ്ദവും പുറപ്പെടുവിയ്ക്കാറില്ല; അതും ഒരത്ഭുതം!

നിദ്രയില്ലാത്ത നിദ്രകളാണ് തനിയ്ക്കെന്നു മുത്തശ്ശി ഇടയ്ക്കിടെ അവകാശപ്പെടാറുണ്ട്. മുത്തശ്ശന്റെ മരണ ശേഷമുള്ള ഇരുപതിലേറെ വര്‍ഷങ്ങളായി അങ്ങനെയാണത്രേ! എന്നാല്‍ മുത്തശ്ശി വിളക്കു കെടുത്തി കിടന്നു കഴിഞ്ഞാല്‍ പിന്നെ ആ ഉടലില്‍ ജീവന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നത് പുലര്‍ച്ചെ മാത്രമാണ് എന്ന് എനിയ്ക്ക് അറിയാം. അവരുടെ ചിമ്മിനി വെട്ടത്തിന്റെ ലാഞ്ചന എന്റെ മുറിയോളം എത്തില്ല. എങ്കിലും ഇപ്പോള്‍ മുത്തശ്ശിയും വിളക്ക് കെടുത്തി പായില്‍ തല ചായ്ച്ചു കഴിഞ്ഞെന്നു ചില പതിവു ശബ്ദങ്ങളില്‍നിന്നും എനിയ്ക്ക് ബോദ്ധ്യമായി.

ഏതാണ്ട് രണ്ടു കിലോമീറ്ററിനപ്പുറമുള്ള സിനിമാ ശാലയില്‍ അവസാന പ്രര്‍ശനം കഴിഞ്ഞതിന്റെ സൂചനയായി പഴയ ചില സിനിമാ ഗാനങ്ങള്‍ ഒഴുകിയെത്തി.

ഒരു പക്ഷെ ഞാന്‍ കേള്‍ക്കുന്ന അവസാനത്തെ സംഗീതം!

ഇവിടെ നിന്നു കുറച്ചുമാത്രം അകലെ എങ്ങുനിന്നൊ വന്നു താമസിയ്ക്കുന്ന സിനിമാ പ്രേമികളായ ഏതാനും ടാപ്പിങ് തൊഴിലാളികളുണ്ട്. അവര്‍ അവസാന പ്രദര്‍ശനം കഴിഞ്ഞ് നടന്ന് ഇതിനടുത്തുള്ള നടവഴിയേ കടന്നു പോകാറുണ്ട്. കണ്ട സിനിമയെക്കുറിച്ചുള്ള അവരുടെ ഉച്ചത്തിലുള്ള നിരൂപണങ്ങളില്‍നിന്നും അവര്‍ കടന്നു പോകുന്നതു മനസിലാക്കാം. അവര്‍ നടവഴിയരികിലുള്ള ആ താളിമാവും കടന്നുപോകുന്നത് ഉറപ്പു വരുത്തുന്ന ആ സമയം വരെയും ഞാന്‍ കാത്തു കിടക്കണം!

സമയത്തിന് ഒച്ചിന്റെ വേഗതയുമില്ല.

പന്ത്രണ്ടു മുപ്പതിനുള്ള മണികള്‍ ഘടികാരത്തില്‍ എപ്പോഴാണു മുഴങ്ങിയത്? കേട്ടുവോ? ഓര്മ്മയില്ല.

നടവഴിയില്‍ വര്‍ത്തമാനം!

സിനിമ കണ്ടു മടങ്ങുന്ന തൊഴിലാളികള്‍ കണ്ട പടത്തിലെ നായികയുടെ അംഗവിക്ഷേപങ്ങള് നിരൂപണം ചെയ്യുകയാണ്.

ഒരു പക്ഷേ, ഞാന്‍ കേള്‍ക്കുന്ന അവസാനത്തെ മനുഷ്യശബ്ദം!

അവരുടെ ശബ്ദം അകന്നകന്നു പോയിക്കഴിഞ്ഞു. ഘടികാരത്തില്‍ ഒരു മണിയുടെ മുഴക്കം.

ഒരുപക്ഷേ , ഞാന്‍ കേള്‍ക്കുന്ന അവസാനത്തെ മണിനാദം!

സമയം ഇനി തികച്ചും സുരക്ഷിതമാണെന്നുള്ളത് തെല്ലു നടുക്കതോടെയാണോ ഞാന്‍ ഓര്‍ത്തത്‌? ഹേയ്; നടുക്കാമോ?എന്തിന്? ധൈര്യപൂര്‍വ്വം ചിന്തിച്ച് എല്ലാം തീരുമാനിച്ച് ഉറപ്പിച്ചതല്ലേ? അത് നടപ്പിലാക്കാന്‍ പോകുന്ന നിമിഷങ്ങള്‍ അനിര്‍വചനീയമായ ഒരു അനുഭൂതിയാണ് എനിയ്ക്ക് നല്കുന്നത്; ഞാന്‍ തീര്‍ച്ചപ്പെടുത്തുന്നു.

നേരത്തെ വിളക്കണച്ച് ഗാഢ നിദ്രയില്‍ ആണ്ടു കഴിഞ്ഞുവെന്നു വീട്ടിലുള്ള മറ്റു മൂന്ന് അംഗങ്ങളെയും തെറ്റിദ്ധരിപ്പിച്ച ഞാന്‍ കാത്തുകഴിഞ്ഞ സമയം സമാഗതമായിരിയ്ക്കുന്നു.ഇത് എന്റെ സമയമാണ് !നിശ്ശബ്ദവും സുരക്ഷിതവുമായ കറുത്ത രാത്രിയിലെ ഒരു മണി കഴിഞ്ഞുള്ള നിര്‍ണായക നിമിഷങ്ങള്‍!എന്റെ അവസാനത്തെ ചിന്തകള്‍ക്ക് ഞാന്‍ തിരി കൊളുത്തുകയാണ്.

കഴിഞ്ഞ മൂന്ന് രാത്രികളും നിദ്രാവിഹീനങ്ങളായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനവും അവസാനത്തേതുമായ തീരുമാനം എടുക്കുന്നതിനുള്ള ആലോചാനകളിലായിരുന്നു കഴിഞ്ഞ മൂന്ന് രാത്രികളിലും.വ്യക്തവും ശക്തവുമായ തീരുമാനം കൈക്കൊണ്ടത് ഇന്നലെ പുലര്‍ച്ചെ മാത്രമായിരുന്നു. സത്യത്തില്‍ എന്‍റെ ആഗ്രഹം നടപ്പിലാക്കുവാനുള്ള അനുകൂല വാദഗതികള്‍ എതിര്‍ വാദഗതികള്‍ക്കുമേല് ആധിപത്യം സ്ഥാപിയ്ക്കുകയായിരുന്നു.

അതുകൊണ്ടുതന്നെ ഇനിയൊരു പുനര്‍വിചിന്തനത്തിനു പ്രസക്തിയില്ലെന്ന് എനിയ്ക്ക് അറിയാം. എന്നിരുന്നാലും പക്വത വന്ന ഒരു അഭ്യസ്ഥവിദ്യന്‍ എന്ന നിലയില്‍ ഒന്നു കൂടി ചിന്തിയ്ക്കുന്നതില്‍ തെറ്റൊന്നുമില്ല.

ഇത് പുനര്‍ വിചിന്തനത്തിന്റെ നിമിഷങ്ങള്‍ !

കഴിഞ്ഞ ഇരുപത്തിയേഴു വര്‍ഷം ഞാന്‍ ഈ ഭൂമിയില്‍ ജീവിച്ചു. ഞാന്‍ സമ്പൂര്‍ണമായും സംതൃപ്തനാണ്; ഇനി മതി! ഞാന്‍ ഈ ഭൂമിയില്‍ ഇല്ലാതാകുന്നതുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നതേയില്ല. ഞാന്‍ പരശ്ശതം ജനങ്ങളില്‍ ഒരാള്‍ മാത്രം. ഞാനില്ലാത്ത ലോകത്തെക്കുറിച്ച് എനിയ്ക്ക് ഒരു ഉത്കണ്ഠയുമില്ല. എനിയ്ക്കുശേഷം പ്രളയമെന്നു ഞാന്‍ വിശ്വസിയ്ക്കുന്നതുമില്ല. ഞാന്‍ ഉണ്ടായതിനു ശേഷമല്ല ലോകം ഉണ്ടായത്. ലോകം ഉണ്ടായത് എനിയ്ക്കുവേണ്ടിയുമല്ല. ഞാനും കൂടിയങ്ങു ജനിച്ചുപോയെന്നു മാത്രം. മഹാസമുദ്രത്തിലെ ഏറ്റവും ചെറിയ ഒരു നീര്‍ കുമിള പോലെ.

ഈ ലോകത്തിനു വേണ്ടി എന്തെങ്കിലും വലിയ കാര്യങ്ങളൊന്നും എനിയ്ക്ക് ചെയ്യാനുമില്ല. അതിനും മാത്രം ബുദ്ധിയുമില്ല, ശക്തിയുമില്ല.

എത്രയോപേര്‍ ജനിച്ചു. എത്രയോ പേര്‍ മരിച്ചു. ഇനി എത്രയോ പേര്‍ ജനിയ്ക്കാനിരിയ്ക്കുന്നു. എത്രയോ പേര്‍ മരിയ്ക്കാനിരിയ്ക്കുന്നു.ഞാന്‍ ഇനിയും ജീവിച്ചിരിയ്ക്കുന്നതുകൊണ്ട് ആര്‍ക്കും പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ല. എന്നെക്കൊണ്ട് എനിയ്ക്കുതന്നെയും ഒരു പ്രയോജനവുമില്ല. ഞാനൊരു പാഴ്വസ്തുവാണ്. പാഴ്വസ്തുക്കള്‍ മണ്ണിനു വളമാകണം. ഞാന്‍ വെറും വളമാകുന്നു!

ഇനിയും ഞാന്‍ ജീവിച്ചിരിയ്ക്കുന്നത് സമൂഹത്തോടുള്ള വെല്ലുവിളിയാണ്. അങ്ങനെ വെല്ലുവിളിയ്ക്കാന്‍ മാത്രം ഞാനാരാണ്?

ചിലര്‍ പറയും ; ഇതു ഒരു ഒളിച്ചോട്ടമാണെന്ന്. അത്തരം വിമര്‍ശനങ്ങളെ ഞാന്‍ സഹിഷ്ണുതയോടെ സ്വാഗതം ചെയ്യുന്നു. മനുഷ്യനുണ്ടായ കാലം മുതല്‍ വിമര്‍ശനങ്ങളുണ്ട്. അത് ജനാധിപത്യപരമായ ഒരു അവകാശമാണ്. പക്ഷെ,എന്‍റെ ജീവന്‍; അത് എനിയ്ക്കുള്ളതാണ്. ഇനി അഥവാ മറ്റുള്ളവര്‍ക്ക് എന്നെക്കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടെന്നിരുന്നാല്‍ തന്നെയും , എന്‍റെ ജീവന്റെ അവകാശി മറ്റാരുമാകുന്നില്ല. എന്‍റെ ജീവന്റെ കാര്യത്തിലെങ്കിലും എനിയ്ക്ക് ഒരു സംപൂര്‍ണ്ണ അധികാരം വേണ്ടേ? അതുകൊണ്ട് എന്‍റെ ജീവന്‍ നിലനിര്‍ത്തണമോ, വേണ്ടയോ എന്ന് തീരുമാനിയ്ക്കുവാനുള്ള അവകാശം ന്യായമായും എനിയ്ക്കുണ്ട്.

അതുകൊണ്ട് , ഞാന്‍ ഇപ്പോള്‍ എന്‍റെ ഈ കിടക്കയില്‍ നിന്നും മെല്ലെ മെല്ലെ ഉയര്‍ന്ന് എഴുന്നേല്ക്കുകയാണ് !

ഈ വീട്ടില്‍ ഇപ്പോള്‍ രണ്ടു മനുഷ്യരുടെ കൂര്‍ക്കംവലികളും ഒരു വൃദ്ധശരീരത്തിന്റെ ജീവനുള്ള നിശബ്ദതയും മാത്രം!

പുറത്ത് പേരറിയാവുന്നതും പേരറിയാത്തതുമായ ഏതൊക്കെയോ ചെറുജീവികളുടെ ശബ്ദങ്ങള്‍ രാത്രിയുടെ നിശബ്ദതയെ ചെറുതായി അലോസരപ്പെടുത്തുന്നുണ്ട്.

മേശപ്പുറത്തുനിന്നും പെന്‍ടോര്‍ച്ച് തപ്പിയെടുത്തത് തികച്ചും സമാധാനപരമായിട്ടായിരുന്നു. പിന്നെ ടോര്‍ച്ചു തെളിയ്ക്കാതെതന്നെ എന്‍റെ മുറിയുടെ പുറത്തേയ്ക്കുള്ള വാതിലിന്‍റെ കൊളുത്ത് തപ്പിയിളക്കിയതും തികച്ചും സാവകാശത്തിലും സമാധാനപരമായിട്ടും ആയിരുന്നു.പുറത്തിറങ്ങിയിട്ടും കൈയ്യിലെ പെന്‍ടോര്‍ച്ച് കത്തിയ്ക്കാതെതന്നെ മെല്ലെ നടന്നു കിണറ്റിന്‍റെ അരികില്‍ എത്തി. കിണറ്റിലെ തൊട്ടിയും കയറും തമ്മിലുള്ള ബന്ധത്തിന്‍റെ കെട്ടുറപ്പ് പരിശോധിയ്ക്കാന്‍ വേണ്ടി മാത്രമാണ് പെന്‍ടോര്‍ച്ച് ചെറുതായി ഒന്നു തെളിച്ചത്. അതും ഏതാനും നിമിഷങ്ങള്‍ മാത്രം.

ഇപ്പോള്‍ തൊട്ടിയും കയറും തമ്മിലുള്ള ബന്ധം വേര്‍പെടുത്തപ്പെട്ടിരിയ്ക്കുന്നു. കയര്‍ എന്‍റെ കൈയ്യില്‍ ഭദ്രമാണ്.എന്‍റെ ദൌത്യം നിറവേറ്റുവാന്‍ കയര്‍തന്നെ ഉപയോഗിയ്ക്കണമെന്നത് എന്‍റെ അവസാനത്തെ കൊച്ചുകൊച്ചു ആഗ്രഹങ്ങളില്‍ ഒന്നു മാത്രമായിരുന്നു.

മാത്രവുമല്ല , പുലര്‍ച്ചെ അമ്മ എഴുന്നേറ്റു കിണറ്റരികില്‍ എത്തുമ്പോള്‍ കയര്‍ ഉപേക്ഷിച്ച് അനാഥമാക്കപ്പെട്ട തൊട്ടി കാണും. രാത്രിയും ഉണ്ടായിരുന്നതാണ്, കയര്‍. അപ്പോള്‍ത്തന്നെ സംശയത്തിന്‍റെ പ്രാഥമിക ലക്ഷണങ്ങള്‍ അമ്മ പ്രകടിപ്പിയ്ക്കണം. പിന്നെ വീട്ടിനകത്ത് കയറി അച്ഛനേയും മുത്തശ്ശിയെയും വിവരം അറിയിക്കും.പിന്നെ അമ്മ എന്റെ മുറിയില്‍ എത്തിപ്പെടും. അപ്പോള്‍ കൊളുത്തിടാത്ത വാതിലും അപ്രത്യക്ഷനായ ഞാനും! അമ്മയില്‍ അത് സംശയത്തിന്റെ കൂടുതല്‍ ലക്ഷണങ്ങള്‍ ഉണ്ടാക്കും. പലപ്പോഴും ഞാന്‍ തമാശയ്ക്ക് മരിയ്ക്കാനുള്ള എന്റെ സന്നദ്ധത അറിയിക്കാറുണ്ടായിരുന്നു. അപ്പോള്‍ ദേഷ്യത്തോടെ അമ്മ പറയാറുണ്ട്. ഇങ്ങനെ തമാശ പറയുന്ന പലരും പിന്നീട് അത് ചെയ്യാറുണ്ടെന്നും, അത്തരം തമാശകള്‍ വേണ്ടെന്നും.

എന്നെ കാണാത്ത വിവരം അമ്മ അച്ഛനെയും മുത്തശ്ശിയേയും വിവരം അറിയിക്കും. പ്രാഥമികമായ അന്വേണങ്ങള്ക്കുശേഷം വേവലാതികളോടെ അയല്‍ക്കാരെ വിവരം അറിയിക്കും. പിന്നെ കൂട്ടായ അന്വേഷണം താളിമാവിന്റെ ചുവടുവരെ എത്തുമ്പോള്‍ സസ്പെന്‍സ് പൂര്‍ത്തിയാകും. ചിലപ്പോള്‍ രാവിലെ ആരെങ്കിലും വഴിപോക്കര് കണ്ടു ഞെട്ടലോടെ, എന്നാല്‍ പരമ രഹസ്യമായി വാര്ത്ത പ്രസ്സിദ്ധീകരിച്ചെന്നും വരാം.

എന്തായാലും നാളെ മലയാള വര്‍ത്തമാന പത്രങ്ങളില്‍ ഇനിയെത്ര ചൂടുള്ള വാര്‍ത്തകള്‍ വന്നാലും എന്റെ ഗ്രാമത്തിലെ മുഖ്യമായ തലവാചകം എന്റെ ആത്മഹത്യ തന്നെയായിരിക്കും.

അതെ, നാളത്തെ ഒരു ദിവസം; അത് എന്റേതു തന്നെ !

ഇവിടെ ഇനി എത്ര തിരക്കുള്ളവരായാലും എന്തൊക്കെ പരിപാടികള്‍ നിശ്ചയിച്ചിട്ടുള്ളവരായാലും നാളെ (ഇനി ഇന്ന് എന്ന് വേണം പറയാന്‍ നേരം ഒരു മണി കഴിഞ്ഞില്ലേ !) എനിയ്ക്ക് വേണ്ടി കുറച്ചു സമയം ചെലവഴിച്ചേ പറ്റു.ഷോക്കേല്‍ക്കുന്നതുപോലെ രാവിലെ പെട്ടെന്ന് വീട്ടില്‍ ആ വാര്ത്ത വരാതിരുന്നാല്‍ കുറച്ചു ആശ്വാസം. അത്ര മാത്രം.

എന്റെ മനസിന്റെ ഉള്ളറകള്‍ ഈ നിമിഷങ്ങളിലും എന്റെ അനുവാദമില്ലാതെ അന്തിമാതീരുമാനത്തിന്റെ മിനുക്ക്‌ പണികളില്‍ വ്യാപൃതമായിരുന്നു.

കൈയ്യില്‍ കയറുമായി ഇരുട്ടിനെ കീറി മുറിച്ചു വീട്ടുമുറ്റത്തുനിന്നു ഇടവഴിയിലിറങ്ങി തിരിഞ്ഞുനിന്ന് എന്റെ ദരിദ്ര ഭവനം അവസാനമായി നോക്കിക്കണ്ടു. എന്റെ ഭവനം കൂരിരുട്ടില്‍ ഒരു നിഴല്‍ പോലെ ഞാന്‍ കണ്ടു. അതിനുള്ളില്‍ ഒന്നുമറിയാതെ കിടന്നുറങ്ങുന്ന അമ്മ, അച്ഛന്‍, അമ്മുമ്മ......വേണ്ടാ ; ഇനി അത്തരം ചിന്തകള്‍ ദൌത്യത്തില്‍ നിന്നു എന്നെ പിന്തിരിപ്പിയ്ക്കും.

അല്പം കൂടി നടക്കുമ്പോള്‍ ഇടവഴിയില്‍ നിന്നു അല്പം കൂടി വീതിയുള്ള പഞ്ചായത്ത് നടവഴിയായി. അവിടെ നിന്നും ഏതാനും അടി പിന്നിടുമ്പോള്‍ വീതിയുള്ള പഞ്ചായത്ത് നടവഴിയോടു ചേര്ന്നു നില്ക്കുന്ന താളിമാവിന്റെ ചുവട്ടിലെത്തി.

2

ദൌത്യ നിര്‍വഹണത്തിന് ഞാന്‍ തെരഞ്ഞെടുത്ത 'സ്പോട്ട് ' എത്തിയിരിയ്ക്കുകയാണ്.

നടപ്പാത വീതി കൂട്ടിയപ്പോള്‍ പഞ്ചായത്ത് വകയില്‍ ഉള്‍പ്പെട്ടു പോയ ഈ താളിമാവ്‌ ഇപ്പോള്‍ പൊതുവകയാണ്. ഇതു തന്നെ എന്റെ ദൌത്യത്തിന് കരുവാക്കുന്നത് അല്പം ക്രൂരമാണെങ്കിലും എന്റെ അവസാനത്തെ ഒരു ആഗ്രഹമാണ് അതും.

ഈ മാവിന്റെ തണലിടം എന്റെ ചുറ്റുവട്ടത്തെ നാനാ ജാതി മതസ്ഥരായ പിഞ്ചോമനകളുടെ വിനോദവേദിയാണ്. നാളെ പുലര്‍ച്ചെ എന്റെ ലാളനാ പാത്രങ്ങളായ കുട്ടികള്ക്ക് കാണാന്‍ കൌതുകമുള്ള ഒരു കാഴ്ച്ചയായിരിയ്ക്കും ഞാന്‍. കുറെ ദിവസത്തേയ്ക്ക് അവരെ ഭയപ്പെടുത്തുന്ന സ്വപ്നങ്ങള്‍ക്ക് ഞാന്‍ കാരണമാകുമെന്നും അവരുടെ വിനോദ വേദി മറ്റൊരിടത്തേയ്ക്ക് മാറ്റേണ്ടി വരുമെന്നും എനിയ്ക്കറിയാം. എങ്കിലും എനിക്ക് ഇതു ചെയ്യാതെ വയ്യ. അതിനും ചിലകാരണങ്ങള്‍ ഒക്കെയുണ്ട്.

അതായത് ഞാന്‍ ഈ ഭൂമിയില്‍ ജീവിച്ചതിന് പറയത്തക്ക ചരിത്ര രേഖകള്‍ ഒന്നുമില്ല . കാരണം ഞാന്‍ ഇവിടെ ഒരു ചരിത്രവും സൃഷ്ടിച്ചിട്ടില്ല. ഞാന്‍ വെറുമൊരു സാധാരണക്കാരന്‍. അതുകൊണ്ട് കൂടി തന്നെയാണ് ശരിയ്ക്കു മാമ്പഴം നല്‍കുന്നതും കുട്ടികള്‍ക്ക് തണലിടം നല്‍കുന്നതുമായ ഈ മാമരം തന്നെ ഞാന്‍ തെരഞ്ഞെടുക്കുന്നത്.ഈ കുട്ടികളില്‍ പലരും അന്‍പതോ അറുപതോ അതിലും കൂടുതലോ ഒക്കെ കാലം ജീവിച്ചിരിയ്ക്കും. അവരുടെ ജീവിത കാലം മുഴുവന്‍ ഞാന്‍ ചെറുതായെങ്കിലും ഓര്മ്മിയ്ക്കപ്പെടണമെന്ന ചെറിയൊരു മോഹമോ വ്യാമോഹമോ എനിയ്ക്കുണ്ട്. അവര്‍ക്കാര്‍ക്കും അത്ര വേഗം മറക്കാന്‍ കഴിയുന്ന ഒന്നായിരിയ്ക്കില്ല അടുത്ത നിമിഷത്തില്‍ ഇവിടെ നടക്കാന്‍ പോകുന്നത്.

മാത്രവുമല്ല നമ്മുടെ സ്വന്തം പുരയിടത്തിലുള്ള മരത്തിലോ അന്യന്റെ വകയിലുള്ള മരത്തിലോ തൂങ്ങിയാല്‍ ആ മരം താമസിയാതെ മുറിയ്ക്കും. എന്തിനാണു ഞാന്‍ കാരണം ഒരു മരവും കൂടി മരിയ്ക്കുന്നത്. ഇതാകുമ്പോള്‍ പഞ്ചായത്ത് വകയാണ്. എന്റെ തൂങ്ങി മരണത്തിനു ശേഷം പ്രദേശത്തെ തടിക്കച്ചവടക്കാര്‍ ആരെങ്കിലും കുട്ടികള്‍ പേടിയ്ക്കുമെന്നു പറഞ്ഞു ആളുകളെ കുത്തിത്തിരിപ്പിച്ചു പഞ്ചായത്തിനെക്കൊണ്ട് ലേലം ചെയ്യിച്ച് അത് ചുളുവിനു മുറിയ്ച്ചു ലാഭമെടുക്കാന്‍ ശ്രമിച്ചുകൂടെന്നില്ല.

എന്നാല്‍ പരിസ്ഥിതി സ്നേഹിയും യുക്തിവാദിയും ഭൂതപ്രേതങ്ങളില്‍ വിശ്വാസമില്ലാത്ത ആളുമായ എന്റെ ഗുരുനാഥന്മാരില് ഒരാളാണ് നാണ് ഇവിടുത്തെ സ്ഥിരം പഞ്ചായത്ത് പ്രസിഡന്റ്‌ . അദ്ദേഹം ജീവിച്ചിരിയ്ക്കുന്നിടത്തോളം അതത്ര എളുപ്പത്തില്‍ നടക്കില്ല. പോരാത്തതിനു വേറെയും ചില വൃക്ഷ സ്നേഹികള്‍ നാട്ടിലുണ്ട്.

പിന്നെ ചത്ത പുലി കുത്തുമോ തുടങ്ങി ചില യുക്തിവാദപരമായ തര്‍ക്കവിതര്‍ക്കങ്ങള്‍ പഞ്ചായത്ത് കമ്മിറ്റിയിലും നടക്കും. നടക്കട്ടെ. കുറച്ചുനാളെങ്കിലും ഞാനും ഒരു ചര്ച്ചാവിഷയം ആകട്ടെ !

താളിമാവു തെരഞ്ഞെടുക്കുന്നതില്‍ വേറെയുമുണ്ട്‌ എനിയ്ക്ക് ചെറിയൊരു ന്യായം. തൂങ്ങിച്ചാകുന്നതിനു ഏറ്റവും അനുയോജ്യമായതും, അതിന് ഏറ്റവും സൌകര്യപ്രദമായ ശാഖകളോടുകൂടിയതുമാണ് പ്രായമേറെയുള്ള ഈ മനോഹരമായ മാമ്പഴമരം. ഏറെക്കാലമായി ഈ താളിമാവ് എന്നെ പ്രലോഭിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഈ മരത്തിനു സമീപത്തുകൂടി പോകുമ്പോഴെല്ലാം ഇതിന്റെ ശാഖകള്‍ തൂങ്ങി മരിയ്ക്കുവാന്‍ എന്നെ മാടി വിളിയ്ക്കുന്നതുപോലെ എനിയ്ക്കു തോന്നിയിട്ടുണ്ട്.
ഇനിയിപ്പോള്‍ എല്ലാം അവളുടെ -എന്റെ പ്രിയപ്പെട്ട താളിമാവിന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ.

കഴുത്തില്‍ കുരുക്ക് കുറുകി ചേതനയറ്റ് ഒരു മനുഷ്യ ദേഹം തൂങ്ങിയാടുന്ന കാഴ്ച ഇവിടുത്തെ കുട്ടികള്‍ ആദ്യമായി കാണുകയായിരിയ്ക്കും.

പതിമ്മൂന്നു വര്‍ഷങ്ങള്‍ക്കു മുന്പ് മാത്രമാണ് ഈ പ്രദേശത്ത് ഇങ്ങനെ ഒരു ദുര്‍മരണം നടന്നിട്ടുള്ളത്. അത് കൌമാരം മാറാത്ത ഒരു പെണ്‍കുട്ടിയായിരുന്നു. ഞാന്‍ ആത്മഹത്യയുടെ കാര്യത്തില്‍ ഈ സ്ഥലത്ത് ആണുങ്ങളില്‍ രണ്ടാമനാണ്. മാത്രവുമല്ല തൂങ്ങി ചാകുന്ന അഭ്യസ്തവിദ്യരില്‍ ഈ പ്രദേശത്തെ ഒന്നാമാനും ആണ്. അക്കാര്യങ്ങളില്‍ എനിയ്ക്ക് അഭിമാനിയ്ക്കാവുന്നതേയുള്ളു. ഭാവിയില്‍ ഇവിടുത്തെ ആത്മഹത്യാ ചര്‍ച്ചകളില്‍ ഞാനും പരാമര്‍ശിയ്ക്കപ്പെടും എന്നതിലും എനിയ്ക്ക് വലിയ അഭിമാനമുണ്ട്.

ഇപ്പോള്‍ താളിമാവിന്റെ ചുവട്ടില്‍ ഞാന്‍ പരിസര ശ്രദ്ധയിലാണ്.

ഇല്ല ഒരു ഇലപോലും അനങ്ങുന്നതേയില്ല. ഇനി ഒരു നിമിഷവും പാഴാക്കാനില്ല. മനസ്സില്‍ ഇപ്പോഴും എന്റെ അനുമതിയില്ലാതെ നടക്കുന്ന അഭിപ്രായ സംഘട്ടനങ്ങള്‍ ഞാന്‍ കാര്യമാക്കുന്നതേയില്ല. എന്റെ ലക്ഷ്യത്തില്‍ നിന്നും പിന്തിരിയാന്‍ ഇനി എനിയ്ക്ക് സാധ്യമേയല്ല. മനസ്സേ ശാന്തമാവുക!

എന്റെ പോക്കറ്റില്‍നിന്നും ഞാനെഴുതിയ ഒരു കുറിപ്പ് എടുത്തു താളിമാവിന്റെ ചുവട്ടില്‍ മടക്കിവച്ച് കാറ്റില്‍ പറന്നു പോകാതിരിയ്ക്കാന്‍ ഒരു കല്ലും എടുത്തു കത്തിന് മുകളില്‍ വച്ചു.

എന്റെ മരണം ' ദുരൂഹമാക്കി ' പൌരസമിതിയും മറ്റും ഉണ്ടാക്കി കേസന്വേഷിയ്ക്കണം എന്നും പറഞ്ഞു കോലാഹലമുണ്ടാക്കി എന്റെ പ്രിയപ്പെട്ട നാട്ടുകാര്‍ ബുദ്ധിമുട്ടാതിരിയ്ക്കാന്‍ വേണ്ടിയുള്ളതാണ് ഈ കുറിപ്പ്. ഞാന്‍ അതില്‍ വളരെ കുറച്ചു കാര്യങ്ങളേ എഴുതിയിട്ടുള്ളൂ;

എന്റെ ജീവിതം; അത് എനിയ്ക്കുള്ളതാണ്. അത് വേണോ വേണ്ടയോ എന്നൊക്കെ തീരുമാനിയ്ക്കുന്നത് എന്റെ സ്വന്തം കാര്യമാണ്. എന്റെ മരണകാരണം അന്വേഷിച്ചു ദിവസങ്ങളോളം തല പുണ്ണാക്കുകയും ചര്‍ച്ച ചെയ്തു ചെയ്തു നാവു കഴ്യ്ക്കുകയും ചെയ്യുന്ന ഒരവസ്ഥയും എന്റെ നാട്ടുകാര്‍ക്ക് ഉണ്ടാകരുതെന്ന് എനിയ്ക്ക് നിര്‍ബന്ധമുണ്ട്.

കഴിഞ്ഞ ഇരുപത്തിയേഴു വര്‍ഷം ഞാന്‍ ഈ ഭുമിയില്‍ ജീവിച്ചു. ഞാന്‍ സംതൃപ്തനാണ് എന്ന ഒറ്റ കാരണം കൊണ്ടാണ് ഞാന്‍ ജീവിതത്തില്‍ നിന്നു വിരമിയ്ക്കുന്നത്. തൃപ്തിയായാല് പിന്നെയെന്തിന് ജീവിയ്ക്കണം?

ഒന്നിനും കൊള്ളാത്ത ഒരു ഡിഗ്രിയും വാങ്ങി എങ്ങുമെത്താത്ത എന്റെ ഭാവിയെ ഓര്‍ത്തു മാത്രം അച്ഛന്‍ പുറപ്പെടുവിയ്ക്കുന്ന നെടുവീര്‍പ്പുകള്‍ക്ക് ഞാന്‍ വിരാമം കുറ്യിക്കുകയാണ് . എന്നെക്കുറിച്ചു എപ്പോഴും വേവലാതിയാണ് എന്റെ അച്ഛന്. അവന്‍ രക്ഷപ്പെടുമോ? പഠിപ്പിച്ചതൊക്കെ വെറുതെ ആകുമോ? എന്നും അവന്‍ ഇങ്ങനെ നടന്നാലെങ്ങനെ? മറ്റു ജോലികളൊന്നും അറിയില്ല. കഠിനമായ പണികളൊന്നും ചെയ്യാനുള്ളത്ര ആരോഗ്യവും ഇല്ല.

വേണ്ടച്ഛാ, അച്ഛന് ഇനി ഒരു വേവലാതിയും വേണ്ട! എന്തിനാ അച്ഛാ ഞാന്‍ ജീവിയ്ക്കുന്നത് ? എന്തെങ്കിലും പ്രയോജനം ഉണ്ടോ? വല്ലതുമുണ്ടെങ്കില്‍ തിന്നു മുടിയ്ക്കാനല്ലാതെ!

അധികം ലോകപരിചയമൊന്നും ഇല്ലാത്തതുകൊണ്ടു മാത്രം എന്നെക്കുറിച്ചു വലിയ പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തി എന്റെ അമ്മ വിഢ്ഢിയാകുന്നത് ഇനിയും എനിയ്ക്ക് സഹിക്കാന്‍ വയ്യ. ആര്‍ട്സ് ഗ്രൂപ്പ്- മാനവിക വിഷയങ്ങള് എടുത്തു പഠിച്ച ഞാന്‍ ഡോക്ടറാകുമെന്നു നാട്ടുകാരോട് വീമ്പു പറയുന്ന മുത്തശ്ശിയെ ഒന്നും പറഞ്ഞു മനസിലാക്കുവാന്‍ എനിയ്ക്ക് കഴിയില്ല.

ഇങ്ങനെ ചെറിയ ചില കാരണങ്ങള്‍ മാത്രമെ എന്റെ മരണത്തിനുള്ളൂ. ഇതൊന്നും അത്ര വലിയ കാര്യങ്ങളല്ലെങ്കിലും എന്തെങ്കിലും ഒരു കാരണം പറയാതെ മരിയ്ക്കുന്നത് ശരിയല്ലെന്നു വച്ചിട്ടാ ഇതിത്രയും എഴുതുന്നതു തന്നെ . ഒരു 'ചെറിയ' മരണത്തിനു ഈ കാര്യങ്ങള് ഒക്കെ മതി.

അതെ, ഒരു ചെറിയ കാര്യം , തീരെ ചെറിയൊരു കാര്യം ഇവിടെ ഇതാ സംഭവിയ്ക്കാന്‍ പോവുകയാണ്!

ഇപ്പോള്‍ ഞാന്‍ ആ വലിയ താളിമാവില്‍ അള്ളിപ്പിടിച്ചു കയറി കുറച്ചു ഉയരത്തില്‍ എത്തിയിരിയ്ക്കുന്നു. കയര്‍ കൈയ്യില്‍ ഭദ്രമാണ്. ഞാനിരിയ്ക്കുന്ന ശാഖയുടെ വലതുവശത്തായി കയറിന്റെ ഒരു തുമ്പു കെട്ടി ബലപ്പിച്ചു. മറു തുമ്പില്‍ എന്റെ തല കടന്നുപോകുന്ന മനോഹരമായ ഒരു വട്ടക്കുരുക്ക് നിര്‍മ്മിച്ചു.

ഇത് എന്റെ അന്ത്യ നിമിഷങ്ങള്‍ !

അമ്മയിപ്പോള്‍ എന്തു ചെയ്യുകയായിരിയ്ക്കും? സുഖനിദ്രയില്‍ത്തന്നെ ആയിരിയ്ക്കുമോ? ഇടയ്ക്കിടെ രാത്രി അമ്മയ്ക്ക് നെഞ്ചുവേദന വരാരുണ്ട്‌. രാത്രി അമ്മയെ ആശുപത്രിയില് കൊണ്ടു പോകാ‍ന് സൈക്കിളുമെടുത്തു ടാക്സി വിളിയ്ക്കാന്‍ ടൌണില്‍ പോകേണ്ടിവരുമോ? മുത്തശ്ശി അമ്മയുടെ നെഞ്ചു തടവിക്കൊടുക്കുകയായിരിയ്ക്കുമോ? അച്ഛന്‍ എന്നെ വിളിയ്ക്കുവാൻ വാതിലില്‍ വന്നു മുട്ടുമോ?അല്പം മാത്രം ദൂരെ കെട്ടിച്ചുവിട്ട അനിയതിയ്ക്ക് സുഖമായിരിയ്ക്കുമോ? കുറച്ചു ദിവസമായി അവിടെ ഒന്നു പോയിട്ട്. അവളുടെ പൊന്നുമോള്‍ക്ക് കഴിഞ്ഞയാഴ്ച പനിവന്നത് വിട്ടുമാറിയിട്ടുണ്ടാകുമോ? അവള്‍ മാമനെ തിരക്കുന്നുണ്ടാവും .

കേവലം മാനുഷികമായ ദൌര്‍ബല്യങ്ങള്‍ എന്നെ വീണ്ടും പിടികൂടുകയാണോ?

അല്ല, ചാകാന്‍ പോകുന്ന ഞാനിപ്പോള്‍ ഇങ്ങനെയൊക്കെ ചിന്തിയ്ക്കുന്നതെന്തിന്?

വേണ്ട, ഇനി ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടേ പറ്റുകയുള്ളു. പക്ഷെ അഭ്യസ്ഥ വിദ്യനും പക്വത വന്ന ഒരു യുവാവും എന്നനിലയില്‍ ഒരുവട്ടം കൂടി.............

എന്റെ മൃത ശരീരത്തിന് മുന്‍പില്‍ ബോധമറ്റു വീഴുന്ന അമ്മ. അതു കണ്ട് അമ്മയും ഹൃദയം പൊട്ടി മരിച്ചു പോകുമോ ? അലമുറയിടുന്ന മുത്തശ്ശി. വിതുമ്പി നിലം പതിച്ചുപോകുന്ന അച്ഛന്. ആശ്വസിപ്പിക്കുന്നവരുടെ കരവലയങ്ങൾക്കുള്ളില് കിടന്നു നെഞ്ചത്തടിച്ചു നിലവിളിയ്ക്കുന്ന അനുജത്തി. അവളുടെ മകള്‍ എന്റെ പൊന്നായ, തങ്കക്കുടമായ കുഞ്ഞ് അനന്തിരവള്‍ . മാമന്റെ മൃതുദേഹത്തിനരികില്‍ വന്നു നിന്ന് അവള്‍ മിഠായി ചോദിയ്ക്കുമോ?

തികച്ചും അനാവശ്യമായ ചിന്തകളിലേയ്ക്കാണല്ലോ, എന്റെ മനസ്സു വീണ്ടും പായുന്നത്. ഇനിയും ഈ ചിന്തകള്‍ നീട്ടിക്കൊണ്ടു പോകുന്നതു തീര്ച്ചയായും എന്നെ ദൌത്യതില്‍നിന്നും പിന്തിരിപ്പിയ്ക്കും. വേണ്ട. നിറുത്തി. ഇനിയോരാലോചനയില്ലതന്നെ.

അതേ, ഇത് എന്റെ അന്ത്യ നിമിഷങ്ങള്‍ !

പല രാത്രികളിലായി ഉറങ്ങാതെ കിടന്നു ചിന്തിച്ചുറപ്പിച്ച ദൌത്യം ഇപ്പോള്‍ ഇവിടെ പൂര്‍ത്തിയാകും. ഒരു പുനര്‍ വിചിന്തനത്തിന് ഈ മരമുകളിലും എന്നെ പ്രേരിപ്പിയ്ക്കുന്ന മനസ്സിനു ഞാന്‍ ശക്തിയായി കടിഞ്ഞാണിടാന്‍ ശ്രമിയ്ക്കുകയാണ്. എങ്കിലും ഒരു വേള, അഭ്യസ്ഥ വിദ്യനും വിവേകിയുമായ ഒരു യുവാവെന്ന നിലയില്‍ അവസാനമായി വെറുതെ ഒന്നു കൂടി ചിന്തിയ്ക്കാതിരിയ്ക്കുന്നത് ഉചിതമല്ലെന്ന് ഞാന്‍ സ്വയം തിരിച്ചറിയുന്നു. അതുകൊണ്ടു ഒരിയ്ക്കല്‍ കൂടി ആലോചിയ്ക്കുകതന്നെ ചെയ്തു.

ഇല്ല; എനിയ്ക്ക് മാറ്റമില്ല ! എന്റെ തീരുമാനം കൂടുതല്‍ ദൃഢമായിരിയ്ക്കുന്നു. എനിയ്ക്ക് കൂടുതല്‍ ധൈര്യമായിരിയ്ക്കുന്നു. ഇനി വൈകിയ്ക്കുന്നത് നന്നല്ല.

ഈ മരക്കൊമ്പിലിരുന്നു ഞാന്‍ ഒരു മയക്കത്തിലേയ്ക്ക്‌-ഏതോ ഒരു സ്വപ്നത്തിലേയ്ക്കു വഴുതി മാറുകയാണോ? ഇനിയും ഈ നിമിഷങ്ങള്‍ നീണ്ടു പോകുന്നത് ഒഴിവാക്കുവാന്‍ ഞാന്‍ നന്നേ പ്രയാസപ്പെടുകയാണോ ? എന്റെ ഉള്ളില്‍ നിന്നു മറ്റൊരു ഞാന്‍ എനിയ്ക്കുമേൽ കടിഞ്ഞാണിടുന്നുവോ? എന്റെ മേലുള്ള നിയന്ത്രണം എനിയ്ക്കു നഷ്ടപ്പെടുകയാണോ? അതോ ജീവിതവും മരണവും തമ്മിലുള്ള ഏറ്റുമുട്ടലോ? ഞാന്‍ ഒന്നേയുള്ളു; എന്റെയുള്ളില് മറ്റൊരു ഞാനില്ല. ഇനിയും ഞാന് വൈകിയ്ക്കുന്നില്ല. തീര്‍ച്ച .

കണ്ണുകളില്‍ ഉറക്കം കനം തൂങ്ങി ഒരായിരം കിലോ തൂക്കം ആകുന്നതായി തോന്നുന്ന ഒരു നിമിഷത്തില്‍ കയറിലെ കുരുക്ക് തലയിലൂടെ കഴുത്തില്‍ വീണു. പിന്നെ ഇരിപ്പില്‍ നിന്നു പതിയെ നിരങ്ങി വഴുതി പൊടുന്നനെ താഴോട്ടൊരു ചാട്ടം! അത്രതന്നെ.

3

ഇപ്പോള്‍ ഞാന്‍ ഇത് എവിടെയാണ്? ഭൂമിയ്ക്കും സ്വര്‍ഗ്ഗ-നരകങ്ങള്‍ക്കും നടുവിലോ? പരലോകത്തിലേയ്ക്കുള്ള യാത്രാമധ്യത്തിലോ? പരലോകത്തിലും സ്വര്‍ഗ്ഗ - നരകങ്ങളിലും വിശ്വാസമില്ലാതിരുന്ന നാസ്തികനായിരുന്ന ഞാന്‍......

ഇല്ല, എനിയ്ക്കു സ്വര്‍ഗ്ഗം എന്തായാലും ലഭിയ്ക്കാനിടയില്ല. അപ്പോള് ഇതു നരകമോ?എന്റെ കണ്ണുകള് മെല്ലെ വലിച്ചു തുറക്കപ്പെടുകയാണ്. മുകളില്‍ കറങ്ങുന്നതു പങ്കയോ? നരകത്തില്‍ പങ്കയുമുണ്ടോ? അതോ ഇതു സ്വര്‍ഗ്ഗം തന്നെയോ? എനിയ്ക്കൊന്നും മനസ്സിലാകുന്നില്ല.

എന്റെ കണ്ണുകള് മെല്ലെ ചലിയ്ക്കുമ്പോള് എനിയ്ക്കു ചുറ്റും ഞാന്‍ കാണുന്നത്.....

അമ്മ....അച്ഛന്‍......മുത്തശ്ശി....സ്നേഹിതര്‍......അയല്‍ക്കാര്‍.......
പിന്നെ ചില അപരിചിതരും! പലരും കണ്ണുകള്‍ തുടയ്ക്കുന്നു.

എന്ത്‌? ഇവരുമൊക്കെ മരിച്ചെത്തിയോ? എങ്ങിനെ? ഞാന് എന്റെ ജീവിതം കയര്‍കുരുക്കില്‍ ഒതുക്കി. ഇവരോ? അതോ ഇനി ലോകം അവസാനിച്ച്‌ എല്ലാവരും പരലോകത്ത്‌ എത്തിച്ചേര്‍ന്നുവോ ? എങ്കില്‍തന്നെ എനിയ്ക്കു മാത്രം ഇതെന്താണു സംഭവിച്ചിരിയ്ക്കുന്നത്‌?സംശയങ്ങളുടെ വേലിയേറ്റങ്ങള്ക്കിടയില് ചാടിപ്പിടഞ്ഞ് എഴുന്നേല്‍ക്കാന്‍ തുടങ്ങുംപ്പോള് ആരോ അതിശക്തമായി താഴോട്ടു പിടിച്ചു കിടത്തുന്നതുപോലെ!

അസ്ഥികള്‍ മാത്രമല്ല, ദേഹമാസകലം കഠിനമായ വേദന. ഒറ്റ നിമിഷത്തില്‍ തന്നെ ഞാന്‍ നിലം പതിയ്ക്കും മാതിരി കിടന്നുപോയി. എന്റെ ഉടലാകെ പൊതിഞ്ഞു കെട്ടിയിരിയ്ക്കുന്നുവെന്ന ബോധത്തോടൊപ്പം ഇതൊരാശുപത്രിക്കിടക്കയാണെന്നും ഞാന്‍ തിരിച്ചറിയുന്നു. ആരെയും നോക്കാനുള്ള ചങ്കുറപ്പില്ലാതെ ഞാനെന്റെ പരാജയത്തെ പഴിച്ചു കിടന്നു.

ബോധം തെളിഞ്ഞതാണെന്നു മനസ്സിലാക്കിയ എന്റെ ബന്ധുമിത്രങ്ങളുടെ മുറുമുറുപ്പുകളില്‍ തൂങ്ങി മരിയ്ക്കാന്‍ കയറി കുരുക്കു കഴുത്തില്‍ വീഴും മുന്പ്‌ താഴേയ്ക്കു വീണതാണെന്ന സത്യം മനസ്സിലായി.

കനം തൂങ്ങിയ ഉറക്കമാണ് എന്നെ വീഴ്ത്തിക്കളഞ്ഞതെന്നും ഇല്ലെങ്കില്‍ എന്റെ ദൌത്യം ഒരു സമ്പൂര്‍ണ്ണ വിജയമായി പരിണമിച്ചിരുന്നേനെയെന്നും ഉച്ചത്തില് വിളിച്ചു പറയണമെന്ന് എനിയ്ക്കു കലശലായ ആഗ്രഹമുണ്ട്; പക്ഷെ ശബ്ദം വെളിയില്‍ വരുന്നില്ലല്ലോ! ഇനി സംസാര ശേഷിയും നഷ്ടപ്പെട്ടുവോ ആവോ! ഒന്നുരണ്ടുവട്ടം മുരണ്ടു നോക്കി. പുരോഗതിയുണ്ടാകുമെന്നു തോന്നുന്നു.

എന്തായാലും തല്‍ക്കാലം ഉറക്കം നടിച്ചോ, ബോധം നന്നായി തെളിഞ്ഞില്ലെന്നു വരുത്തിയോ തികച്ചും തന്ത്രപരമായ ഒരു നിലപാടു സ്വീകരിയ്ക്കുന്നതാണു നല്ലതെന്നു മനസ്സിലാക്കി പെട്ടെന്നുതന്നെ ഞാന്‍ കണ്ണുകള്‍ പതിയെ അടച്ച് കിടന്നുകളഞ്ഞു.

ബന്ധുമിത്രങ്ങള്‍ അഭ്യസ്ഥവിദ്യനും വിവേകിയുമായ ഒരു ചെറുപ്പക്കാരന്റെ മരമണ്ടത്തരത്തെപ്പറ്റിയുള്ള- അവിവേകത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലേയ്ക്ക് കാര്യങ്ങള്‍ ഗതി തിരിയ്ച്ചു കൊണ്ടുപോകുന്നതു ഞാനിപ്പോള്‍ കേള്‍ക്കുന്നില്ലെന്നു തന്നെ നടിയ്ക്കുന്നു !

വളരെ ദീര്‍ഘമായ ആലോചനകളിലൂടെ എടുത്ത ഒരു ഉറച്ച തീരുമാനത്തിനിടയില്‍ മനസ്സിന്റെ ഉള്‍ക്കോണുകളില്‍ എവിടെയാണ് ജീവിയ്ക്കുവാനുള്ള ഒരു ത്വരയുടെ തരിമ്പുലേശം ഇരുന്ന് കനം തൂങ്ങുന്ന ഉറക്കമായി എനിയ്ക്കുമേല്‍ ചാടി വീണ് എന്റെ ദൌത്യത്തെ പരാജയപ്പെടുത്തിയത്? ആവോ, ഇനി അതേപറ്റിയൊന്നും ചിന്തിച്ചിട്ടു കാര്യമില്ല. മരണത്തില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടു പോയിരിയ്ക്കുന്നു !

അതുകൊണ്ട് ഈ കഥ തല്‍ക്കാലം ഇവിടെ അവസാനിയ്ക്കുന്നു !

കഥ ( നര്‍മ്മം )- മതസൌഹാര്‍ദ്ദം സിന്ദാബാദ് !

കഥ ( നര്‍മ്മം )

മതസൌഹാര്‍ദ്ദം സിന്ദാബാദ് !

ഒരിടത്തൊരിടത്ത് ഒരു ഹിന്ദുവും ഒരു മുസ്ലീമും ഒരു ക്രിസ്ത്യാനിയും ഉണ്ടായിരുന്നു. അവര്‍ ഉറ്റ മിത്രങ്ങളായിരുന്നു. അവര്‍ മതസൌഹാര്ദത്തില്‍ , മതേതരത്വത്തില്‍ അടിയുറച്ചു വിശ്വസിയ്ക്കുന്നവരായിരുന്നു.

അവര്‍ ഒരുമിച്ചേ നടക്കൂ
അവര്‍ ഒരുമിച്ചേ കിടക്കൂ
അവര്‍ ഒരുമിച്ചേ ......

വേണ്ട; തല്‍ക്കാലം ഇത്രയും അറിഞ്ഞാല്‍ മതി.

അങ്ങനെ അവര്‍ ഒരുമിച്ചു ഗമിയ്ക്കവേ നിര്മതനായ ഒരുത്തന്‍ നിന്നു മുദ്രാവാക്യം മുഴക്കുന്നു.

' മതരാഹിത്യം സിന്ദാബാദ്!'

ഒട്ടും അമാന്തിച്ചില്ല. ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനും മതസൌഹാര്‍ദ്ദത്തോടെ ഒരുമിച്ച് നിര്മതനെ കുത്തിനു പിടിച്ചു നിര്ത്തി.മൂവരും ഒരുമിച്ച് അവന്റെ ഉടുമുണ്ട് പൊക്കി . ഉടുമുണ്ട് ഉയര്ന്നുപൊങ്ങുമ്പോള്‍ ഒരു കൊടി ഉയര്ത്തുമ്പോള്‍ എന്നപോലെ അവര്‍ മുദ്രാവാക്യം മുഴക്കി.

' മതസൌഹാര്‍ദം സിന്ദാബാദ്! '

നിര്മതന്‍ പേടിച്ചു നിലവിളിച്ചു;

' എന്നെ പീഡിപ്പിയ്ക്കരുതേ .........'

ഛായ്!

മതേതരവാദികള്‍ തെറ്റിധരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അവരുടെ ലക്ഷ്യം പീഡനമായിരുന്നില്ല; ലിംഗ പരിശോധനയായിരുന്നു.

ലിംഗപരിശോധനയില്‍ ഒരു കാര്യം അവര്ക്കു ബോധ്യമായി. നിര്മതന്‍ ഒരു മുസല്‍മാനല്ല. !

മൂവരില്‍ മുസല്‍മാന്‍ നെടുവീര്‍പ്പിട്ടു.

പക്ഷെ ഹിന്ദുവും ക്രിസ്ത്യാനിയും തമ്മില്‍ തര്‍ക്കമായി. നിര്മതന്‍ ഹിന്ദുവോ? ക്രിസ്ത്യാനിയോ? നിര്മതനൊട്ട് നിലപാട് വ്യക്തമാക്കുന്നുമില്ല.

തര്‍ക്കം മൂത്ത് കയ്യാന്കളിയില്‍ എത്തിയപ്പോള്‍ സൗഹാര്‍ദത്തിന്റെ സന്ദേശവുമായി എടുത്തു ചാടിയ മുസല്‍മാനെ ഹിന്ദുവും ക്രിസ്ത്യാനിയും കൂടി പൊക്കിയെടുത്തു നിലത്തടിച്ചു. എന്നിട്ട് ഉറക്കെ മുദ്രാവാക്യം മുഴക്കി;

'ഹിന്ദു-ക്രിസ്ത്യന്‍ ഐക്യം സിന്ദാബാദ്'!

ഒറ്റപ്പെട്ട മുസല്‍മാന്‍ മാറിനിന്നു രംഗം നിരീക്ഷിയ്ക്കവേ ഹിന്ദുവും ക്രിസ്ത്യാനിയും നിര്‍മതന്റെ മതത്തെ ചൊല്ലി കയ്യാന്കളി തുടര്‍ന്നു.

ഒരുപക്ഷെ ഇനി നടക്കാനിരിയ്ക്കുന്നത് ഒരു ചോരപ്പുഴ!

മുസല്‍മാന്‍ പിന്നെ സമയം പാഴാക്കിയില്ല. നിര്മതനെ പൊക്കിയെടുത്തു പൊന്നാനിയിലേയ്ക്കു യാത്രയാകുന്പോള്‍ മുസല്‍മാന്‍ സ്വയം ഇങ്ങനെ പിറുപിറുത്തു;

'അവന്റെയൊക്കെ ഒരു മതമില്ലായ്മ. സമയത്തും കാലത്തും സുന്നത്ത് നടത്താതെ രാജ്യത്തെ മത സൌഹാര്‍ദം തകര്‍ക്കാന്‍ നടക്കുന്നു!'

ഇതുകണ്ട ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാന്റെ പുറകെ പാഞ്ഞടുത്തു. പിന്നെ നിര്മതനുവേണ്ടി പിടിവലിയായി. ഒടുവില്‍ നിര്മതന്റെ കാര്യം തന്നെ മറന്ന് അവര്‍ പൊരിഞ്ഞ പോരാട്ടത്തില്‍ ഏര്‍പ്പെട്ടു .

'അരുതേ, എന്നെ ചൊല്ലി കലഹിയ്ക്കരുതേയെന്നു' പറഞ്ഞ നിര്മതനെ ഇടയ്ക്കിടെ അവര്‍ താല്‍കാലിക ഐക്യമുണ്‍ടാക്കി ഒരുമിച്ച് കുത്തിനു പിടിച്ചു നിലത്തടിച്ചിട്ടു യുദ്ധം തുടര്‍ന്നു.

തുടരെയുള്ള ആക്രമണത്തില്‍ നിര്മതന്‍ ബോധമറ്റു നിലത്ത് ഒരോരം പറ്റി കിടപ്പായി.

പൊരിഞ്ഞ പോരാട്ടത്തില്‍ വിശ്വാസികള്‍ മൂവരും പരസ്പരം വെട്ടിമരിച്ചു സായൂജ്യരായി!

ബോധം തെളിഞ്ഞ നിര്മതന്‍ കണ്ണും തിരുമ്മി എഴുന്നെല്‍ക്കുന്പോള്‍ ആരും ശേഷിച്ചിരുന്നില്ല. വംശനാശം നേരിടുന്ന ഒരു ജീവിയുടെ മനോഭാവത്തോടെ നിര്മതന്‍ വല്ലവിധേനയും എഴുന്നേറ്റു യാത്രയായി!

കഥ- അടുത്തിരുന്ന ആള്‍ ?

ചെറുകഥ

(കേരള കൌമുദി ഞായറാഴ്ച പതിപ്പില്‍ 'യാത്രയില്‍ നിന്ന്' എന്ന പേരില്‍ പ്രസ്സിദ്ധീകരിച്ചത്)

അടുത്തിരുന്ന ആള്‍ ?

തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കിളിമാനൂരിലേയ്ക്കുള്ള ഫാസ്റ്റ് പാസഞ്ചറില്‍ കയറി ഞാന്‍ ഒരു സൈഡ് സീറ്റ് പിടിച്ചു. അധികം തിരക്കൊന്നുമില്ല. സീറ്റുകള്‍ ഇനിയും ഒഴിഞ്ഞു കിടക്കുന്നുണ്ട്‌. എന്റെ സീറ്റില്‍ ഞാന്‍ മാത്രമേയുള്ളു.

ഡ്രൈവര്‍ 'ഞാന്‍ റെഡി' യാണെന്ന ഭാവത്തില്‍ സ്ററാര്‍ടു ചെയ്യാന്‍ തയ്യാറെടുത്ത് അല്പം ചരിഞ്ഞു പുറകോട്ടു ശ്രദ്ധിച്ചിരിയ്ക്കുന്നു. കയറി കഴിഞ്ഞവര്‍ക്കെല്ലാം ടിക്കറ്റ് കൊടുത്ത് ഒന്നു ഒതുക്കിയിട്ടു പോയാല്‍ മതിയെന്ന തീരുമാനത്തിലാണ് സമാധാന പ്രിയനായ കണ്‍ഡക്ടര്‍.

മുന്‍പില്‍ നിന്നും ടിക്കറ്റ് കൊടുത്തു പുറകില്‍ എത്തിയ ശേഷം അദ്ദേഹം ചുറ്റും നിക്കി ബെല്‍ ഡബിളടിച്ചു. ബസ് സ്ടാര്ടു ചെയ്തതും പുറത്തു നിന്നും ഏതാനും യാത്രക്കാര്‍ കൂടി തിരക്കിട്ട് ബുസ്സിനുള്ളിലെയ്ക്ക് ചാടിക്കയറി. അവരെ തന്റെ ഭാഗത്ത് തടഞ്ഞുവച്ച് കണ്ടക്ടര്‍ ടിക്കറ്റ് നല്കി.

ചാടി കയറിയവരില്‍ ഒരാള്‍ ഒഴിഞ്ഞു തന്നെ കിടന്നിരുന്ന എന്റെ സീറ്റിന്റെ ബാക്കിയില്‍ വന്ന് ഇരിപ്പുറപ്പിച്ചു.

ഞാന്‍ അയാളെ വെറുതെ ഒന്നു നോക്കി.

എവിടെയോ കണ്ടു മറന്ന മുഖം. !

പക്ഷെ , അയാള്‍ എന്ന്നെ അത്ര കാര്യമാക്കാതതുപോലെ

തലയില്‍ ഇരു വശവും ആകര്‍ഷകമായ കഷണ്ടി അരിച്ചു കയറിയിട്ടുണ്ടെങ്കിലും ഉള്ള തലമുടി ആത്മാര്‍ഥമായി പുറകോട്ടു ചീകി ഒതുക്കിയിട്ടുണ്ട്.

പക്ഷെ , അങ്ങിങ്ങു നര ബാധിച്ച താടി രോമങ്ങള്‍ അലസമായി നീണ്ടു വളര്‍ന്നു കിടക്കുന്നു. കോഴി മുട്ടയുടെ ആകൃതിയില്‍ ഉള്ള കനത്ത ഫ്രെയിം ഉള്ള കണ്ണട അയാളുടെ മുഖത്തിന്റെ ആകൃതി തന്നെ മാറ്റുന്നത്‌ പോലെ.

വൃത്തിയും മണവും ഉള്ളതെങ്കിലും ഷര്‍ട്ടും പാന്റ്സും ഈയിടെയൊന്നും ഇസ്തിരിപ്പെട്ടി തടവിയ ലക്ഷണത്തിലല്ല.

അതെ ; ഈ മധ്യ വയസ്കനെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട്.

എന്ന് തന്നെയല്ല , നല്ല പരിചയം ഉള്ളത് പോലെ തന്നെയുണ്ട്‌.

പക്ഷെ, ആരാണ് ? ഓര്‍മ കിട്ടുന്നില്ല.

ഞാന്‍ തറപ്പിച്ചു നോക്കുന്നത് ശ്രദ്ധിച്ച അയാള്‍ തിരിഞ്ഞ് എന്നെ നോക്കി. എന്റെയും അയാളുടേയും കണ്ണുകള്‍ തമ്മില്‍ ഒന്ന് ഇടഞ്ഞു. പക്ഷെ , അയാള്‍ക്ക്‌ എന്നെ പരിചയം ഉള്ളതിന്റെ യാതൊരു ലക്ഷണവും കാണാത്തതിനാല്‍ പെട്ടെന്ന് തന്നെ കണ്ണെടുത്ത്‌ ഞാന്‍ മുഖം തിരിച്ചു കളഞ്ഞു.

ഒരു പക്ഷെ, എനിക്ക് തോന്നുന്നതാകുമോ ?

എനിക്ക് വെറുതെ തോന്നുകയോ ? ഹേയ്, അതില്ല.

ഒന്നു ചോദിച്ചാലോ ? ഒന്നു പരിചയപ്പെട്ടാലോ ? വേണ്ട; അതിന്റെയൊന്നും ആവശ്യമില്ല.

ഒരു പക്ഷെ, ഞാനുമായി ഒരു ബന്ധവും ഇല്ലാത്ത ആരെങ്കിലും തന്നെയാനെങ്കിലോ ? അല്ലെങ്കില്‍ത്തന്നെ വലിയെ ആരെയും കയറിയങ്ങു പരിചയപ്പെടുന്നത്‌ എനിക്കത്ര ഇഷ്ടവും അല്ല.

എങ്കിലും ഞാന്‍ വീണ്ടും അയാള്‍ അറിയാതെ അയാളെ നോക്കി. എവിടെയോ കണ്ടു മറന്നത് പോലെ മാത്രമെ എന്നിട്ടും എനിയ്ക്ക് അയാളെ കാണാന്‍ കഴിയുന്നുള്ളൂ.

ഞാന്‍ വീണ്ടും ഓര്‍മിച്ചു നോക്കാന്‍ തുടങ്ങി.

ബസ്സ് പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഒപ്പം എന്റെ ഓര്‍മയും പല സ്ഥലങ്ങളിലൂടെയും സംഭവങ്ങളിലൂടെയും പായുകയായിരുന്നു. എന്നിട്ടും എങ്ങും എവിടെയും എന്റെ അടുത്തിരിയ്ക്കുന്ന മനുഷ്യനെ ഞാന്‍ കാണുന്നില്ല. ഇനിയൊരു പക്ഷെ , വഴിയ്ക്കെവിടെയെങ്കിലും ഇയാള്‍ ഇറങ്ങിയാലോ ? അതുമല്ലെങ്കില്‍ എന്റെ യാത്ര അവസാനിയ്ക്കുമ്പോഴും എനിക്ക് ഇയാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്കിലോ ?

എങ്കില്‍ എനിക്കുണ്ടാകുന്ന നിരാശ എത്രയും വലുതായിരിക്കും. അതു കൊണ്ടു തന്നെ എന്റെ ശ്രമം അനുനിമിഷം നിഷ്ഫലമാകുമ്പോഴും ഓര്‍മ്മിച്ചോര്‍മ്മിച്ച് മനസ്സു ക്ഷീണിയ്ക്കുമ്പോഴും ഞാന്‍ എന്റെ ലക്ഷൃത്തില്‍ നിന്നും പിന്‍ തിരിഞ്ഞതേയില്ല.

എത്രയും പെട്ടെന്ന് എന്റെ അടുത്തിരിയ്ക്കുന്ന ആള്‍ ആരാണെന്ന് അയാളോട് തിരക്കാതെ തന്നെ അറിയാനുള്ള ഒരു തരം വാശി മാത്രമായിരുന്നില്ല എനിയ്ക്ക്; എന്റെ ഓര്‍മ്മ ശക്തി പരീക്ഷിയ്ക്കുവാനുള്ള ഒരു അസുലഭ സന്ദര്‍ഭമായിട്ടു തന്നെ ഞാന്‍ ഇടതിനെ കണ്ടു.

അങ്ങനെ ഓര്‍മിച്ചു നോക്കല്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.

പക്ഷെ..........

പെട്ടെന്നാണ്‌ ആരോ എന്നെ തോളില്‍ തട്ടി വിളിച്ചത്. ഞെട്ടി തിരിഞ്ഞു നോക്കുമ്പോള്‍ തൊട്ടു പുറകില്‍ കണ്ടക്ടര്‍ !

യാത്ര അവസാനിച്ചിരിയ്ക്കുന്നു. സ്ഥലം കിളിമാനൂര്‍ ബുസ്റ്റാന്‍ഡ്. മറ്റു യാത്രക്കാരെല്ലാം ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു. ഞാന്‍ മാത്രം ബസ്സിനുള്ളില്‍. ചാടിയ്ഴുന്നേറ്റു നടന്നിറങ്ങിയിട്ടാണ് ഓര്‍ത്തത്‌.

അടുത്തിരുന്ന ആള്‍ ?

ഒരു കാര്യം ഉറപ്പാണ്. അയാളെ എവിടെയോ വച്ചു ഞാന്‍ പണ്ടും കണ്ടു പരിചയപ്പെട്ടിട്ടുണ്ട്.

പക്ഷെ , എവിടെവച്ച്‌ ?

കഥ- നിമിഷങ്ങള്‍

കഥ

നിമിഷങ്ങള്‍

ഏതാണ്ട് ഒരു മണിക്കൂറോളം പുറത്തു കാത്തു നിര്‍ത്തി ക്ഷമയെ പരീക്ഷിച്ചിട്ടേ വില്ല്ലേജ് ഓഫീസര്‍ എന്നെ അകത്തേക്കു വിളിച്ചുള്ളു. അബലകളായ സ്ത്രീകളോടു പോലും ഒരു മയവുമില്ലാത്ത ഒരു മുരടന്‍ . ആ മരമോന്ത കണ്ടാല്‍ തന്നെ കുടയുടെ മൂടുവച്ച് മൂക്കിനിട്ട് ഒന്നു കൊടുക്കാന്‍ തോന്നും. ഒരു വരുമാന സര്‍ട്ടിഫിക്കറ്റ് എഴുതിത്തരാന്‍ കഴിയാത്തത്ര തിരക്കൊന്നും കഴിഞ്ഞ ഒരു മണിക്കൂറില്‍ എനിക്കു കാണാനേ കഴിഞ്ഞിരുന്നില്ല.

ഒരു റിസര്‍ച്ച് വിദ്യാര്‍ത്ഥിനി കേവലം ഒരു എസ്.എസ്.എല്‍.സി ക്കാരന്‍ മാത്രമായേക്കാവുന്ന അയാളുടെ കനിവിനു വേണ്ടി കാത്തുനില്ക്കുന്നതില്‍ എന്തോ ഒരു സുഖം അയാള്‍ക്കു കാണുമായിരിക്കും.അല്ലെങ്കില്‍ വന്ന പാടേ ഞാനെന്റെ അത്യാവശ്യങ്ങള്‍ അറിയിച്ചിട്ടും ‘വെയിറ്റ് ചെയ്യൂ’ എന്നു അത്ര ഗൌരവത്തില്‍ പറയുമായിരുന്നില്ല. ഒരു ജില്ലാകളകടർക്ക് ഇത്ര ‘കന’ മുള്ള തല കാണുമെന്നു തോന്നുന്നില്ല.

ആവശ്യക്കാരിയ്ക്കു് ഔചിത്യമില്ലല്ലോ! ഓഫീസര്‍ കനിഞ്ഞുനല്‍കിയ വരുമാനസര്‍ട്ടിഫിക്കറ്റിനു പ്രതിഫലമായി നൂറിന്റെ ഒരു നോട്ട് തുറന്നുവച്ചിരുന്ന മേശയുടെ വലിപ്പിലേക്കു വച്ചുകൊടുത്തു. അതു ഒരു അവകാശമെന്നമട്ടില്‍ ലാഘവത്തോടെ അയാള്‍ സ്വീകരിച്ചു. ഒരു റിസര്‍ച്ച് വിദ്യാര്‍ത്ഥി നിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതിലും അയാള്‍ക്ക് പ്രത്യേക സംതൃപ്തി തോന്നിയിരിയ്ക്കും.

സത്യത്തില്‍ കൈക്കൂലി വാങ്ങിയ അയാൾക്കല്ല കൊടുത്ത എനിയ്ക്കായിരുന്നു ഒരു ഉളുപ്പ് അനുഭവപ്പെട്ടത്. ഛെ!

കടകമ്പോളങ്ങളും ആള്‍ത്തിരക്കുമില്ലാത്ത ഒരു ഒഴിഞ്ഞ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വില്ലേജ് ഓഫീസില്‍ മുമ്പ് ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ വന്നിട്ടുള്ളു. വീട്ടില്‍ നിന്നും ഏതാണ്ട് നാലുകിലോമീറ്ററിന്റെ ദൂരമേ ഉണ്ടാകൂ എങ്കിലും അപരിചിതമായ ഒരു ലോകത്ത് നില്‍ക്കുന്ന അനുഭവമാണ് എനിക്കുള്ളത്. ഒരു മരണത്തിലോ, വിവാഹത്തിലോ സംബന്ധിക്കാന്‍ പോലും ഈ ഭാഗത്ത് വരേണ്ടി വന്നിട്ടില്ല.

ഞാന്‍ താമസിക്കുന്ന വില്ലേജിന്റെ ഓഫീസ് ഇവിടെയാണെന്ന ബന്ധമേ എനിക്കുള്ളു. ഈ സ്ഥ ലത്ത് ബന്ധുക്കളോ പരിചയക്കാരോ ആരും തന്നെയില്ല.അമ്പത് കിലോ മീറററുകള്‍ക്ക് അപ്പുറമുള്ള തലസ്ഥാന നഗരിയുടെ മുക്കും മൂലയുമറിയാവുന്ന ഒരുത്തിക്ക് സ്വന്തം വില്ലേജിന്റെ ഭൂമിശാസ്ത്രം ഇതുവരെയും നേരെ അറിയില്ല! സ്കുളിലേക്കോ കോളജിലേക്കോ പോകാനും ഒരിക്കലും ഇതു വഴികടന്നു പോകേണ്ടി വന്നിട്ടില്ല.

ഈ വഴി വേറെയാണ്. ഇതൊരു പ്രധാന വീഥിയല്ല.

വില്ലേജ് ഓഫീസിലേക്കു കയറുന്ന സ്റെപ്പ് കെട്ടിന്റെ വലതു വശത്തുള്ളു വെയിറ്റിംഗ് ഷെഡ്ഡില്‍ പടിഞ്ഞാറു ഭാഗത്തേക്കുള്ള വണ്ടിയും കാത്തു ഞാന്‍ നിന്നു.

കുറച്ചപ്പുറത്തായി ഒരു ചായക്കടയും പലചരക്കുകടയും ഈ നില്പില്‍ കാണാം. കടകളില്‍ വലിയ ബിസിനിസൊന്നും ഇപ്പോള്‍ നടക്കുന്നില്ല. റോഡിന്റെ മറുവശത്ത് ഈ വെയിറ്റിംഗ് ഷെഡ്ഡിന് അഭിമു ഖമായി ഒരു മുറുക്കാന്‍ കട. . അതിന്റെ പുറത്തിട്ടിരിക്കുന്ന ബഞ്ചില്‍ ഒരു മധ്യവയസ്കന്‍ ഇരിപ്പുണ്ട്. പിന്നെ കടയുടമയും ഒരു പയ്യനും കൂടിയേ അവിടെയുള്ളു.

പതിമൂന്ന് വയസു തോന്നിക്കുന്ന പയ്യന്‍ എന്തൊക്കെയോ വാങ്ങി കൊറിക്കുന്നുണ്ട്.

വെറുതെ ഒരു കൌതുകത്തിനുവേണ്ടി മാത്രമാണ് മുറുക്കാന്‍ കടയില്‍ എനിക്ക് അഭിമു ഖമായി ഇരിക്കുന്ന അപരിചിതനായ മദ്ധ്യവയസ്ക്കന്നെ ഞാന്‍ ഒന്നു നോക്കിയത്.

മുന്‍ വശത്തെ തലമുടിയില്‍ മാത്രം അലപം നര ബാധിച്ച ഒരു സുമുഖ നാണ്. കിഴക്കുഭാഗത്തേക്കുള്ള ബസ്സില്‍ പോകാനോ, വെറുതെ നേരം പോക്കിനോ ഇരിക്കുന്ന തദ്ദേശവാസിയാകാം.അയാളുടെ കണ്ണുകള്‍ ഒന്നു രണ്ടുപ്രാവശ്യം എന്റെ കണ്ണുകളുമായി ഉടക്കി.അയാള്‍ക്ക്‌ എന്നെ അറിയുമോ? ഏതായാലും എനിക്കു ഒരു പരിചയവുമില്ല.

ഞാന്‍ ആ മനുഷ്യനെ കാര്യമായി ശ്രദ്ധിക്കുന്നുണ്ടെന്ന അറിവ് അയാള്‍ക്ക്‌ നല്‍കാതിരിയ്ക്കാന്‍ യത്നിച്ചു.

കാഴ്ചയില്‍ മാന്യനെങ്കിലും അപരിചിതയായ ഒരു പെണ്‍കുട്ടിയെ നോക്കുന്നതില്‍ പുരുഷസഹജമായ വികാരത്തിന്റെ പ്രേരണയുണ്ടാകുമെന്ന് എനിക്കറിയാം. സാമാന്യത്തിലും അല്പംകൂടി സൌന്ദര്യം കൊണ്ട് അനുഗ്രഹീതയാണെന്ന ബോദ്ധ്യം അല്പം അഹന്തയില്‍ പൊതിഞ്ഞു ഞാന്‍ സൂക്ഷിക്കുന്നുണ്ട്.

എത്രയോ ചെറുപ്പക്കാര്‍ എന്നെ നോക്കി ചൂളിപ്പിച്ചിരിക്കുന്നു. എത്രയോ പേര്‍ കമന്റടിച്ച് സായൂജ്യമടഞ്ഞിരിക്കുന്നു. എന്നോടു പ്രേമം അഭ്യര്‍ത്ഥിച്ചവരുടെ എണ്ണവും കൃത്യമായി ഓര്‍ക്കാന്‍ കഴിയില്ല. എന്റെ പുറകെ നടന്നു തേഞ്ഞു തീര്‍ന്ന ചെരിപ്പുകളോടാണ് എനിക്കു സഹതാപം.

ചെറുപ്പക്കാര്‍ക്ക് ഞാനൊരു ലഹരി ആകുന്നതില്‍ ഉള്ളില്‍ അഭിമാനം തോന്നിയിട്ടുണ്ടെങ്കിലും സദാചാരത്തിന്റെ വേലിക്കെട്ടുകള്‍ ശരീരം കൊണ്ടു തകര്ത്തിട്ടില്ല .എന്നുവച്ച് ചിന്തകള്‍ക്കുണ്ടോ , സദാചാരത്തിന്റെ അതിര്‍ത്തി രേഖകള്‍! ഇല്ലെന്നു ചിന്താപരമായ എന്റെ അനുഭവങ്ങൾ എന്നെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്.

മനസിന്റെ ഉള്ളറകളിൽ അനുനിമിഷം എത്രപാപങ്ങളാണു ചെയ്തു കൂട്ടുന്നത്! കൊള്ള, കൊല, വഞ്ചന, ചതി, വ്യഭിചാരം എന്നു വേണ്ട മനസുകെണ്ടു മനഷ്യൻ ചെയ്യതുകൂട്ടാത്ത തിന്മകൾ എത്രയാണ്? നന്മകൾ എത്രയാണ്? പക്ഷെ എല്ലാം അവരവരുടെ സ്വന്തം ചിന്താമണഡലത്തിൽ മാത്രം നിർദോഷമായി ഒതുങ്ങിക്കൂടുന്നു.

ഇവിടെ ഇപ്പോൾ എന്റെ ചിന്തകൾ വഴി തെറ്റുകയാണ്!

എതിരെയുള്ള മുറുക്കാകടയുടെ ബഞ്ചിലിരിക്കുന്ന മദ്ധ്യവയസ്കന്റെ കണ്ണുകൾക്കു പ്രായബോധമില്ലാത്തതുപോലെ എന്റെ ശരീരത്തിൽ പരതിനടക്കുന്നതു ഞാൻ അറിയുന്നു. എന്റെ കണ്ണുകളിലും കവിളുകളിലും തെന്നിക്കളിച്ച ആ മനുഷ്യന്റെ കണ്ണുകൾ താഴേയ്ക്കു ഊർന്നിറങ്ങുന്നതും ഞാനറിയുന്നു. എന്റെ ശരീരത്തിൽ ഒരു ഉഷണക്കാറ്റ് വന്ന് തഴുകുന്നതുപോലെ എനിക്കു അനുഭവപ്പെട്ടു.

പടിഞ്ഞാറു ഭാഗത്തേക്കു എനിക്കു പോകേണ്ട വണ്ടി എപ്പോഴാണെന്ന് നിശ്ചയമില്ല. എപ്പോഴായാലും ഒരു വണ്ടി വന്നിട്ടേ ഇവിടെ നിന്നു പോകാൻ കഴിയു. ദൈർഘ്യമില്ലാത്ത കാത്തുനില്പിന്റെ ഈ നിമിഷങ്ങളെ ആസ്വാദ്യകരമാക്കുവാൻ എന്റെ സ്ത്രീമനസ് കൊതിച്ചത് ഒരു പാപചിന്തയായി ഇപ്പോൾ ഞാൻ കരുതുന്നതേയില്ല.തികച്ചും നിർദ്ദോഷമായ ഒരു കുസ്ര്തിയ്ക്കു ഞാൻ സജ്ജയായി.

ഇരുപത്തിനാലുകാരിയായ ഒരു സുന്ദരി പെൺകുട്ടിയെ നോക്കിലും ചിന്തയിലും മാത്രമേ ഒരു പക്ഷെ ആ പാവം മധ്യവയസ്കന് പ്രാപിക്കാൻ കഴിയുകള്ളു. അല്പം മറഞ്ഞുനിൽക്കാനുള്ള സൌകര്യം വെയിറ്റിംഗ് ഷെഡ്ഡിൽ കണ്ടെങ്കിലും എന്റെ ഉദാരമനസ്ക്കത അയാൾക്കു അനുകൂലമായി.

ഇടയ്ക്കിടെ അയാൾ മുഖം തിരിച്ച് കടക്കാരനോടും അടുത്തു നിൽക്കുന്ന പയ്യനോടും കുശലം പറയുന്നത് വ്യക്തമായി കേൾക്കാൻ കഴിയുന്നില്ലെങ്കിലും അവരിലും എന്നിലും സംശയമുണ്ടാക്കാതിരിക്കാനുള്ള സൂത്രമാണെന്നു എനിക്കു മനസിലാക്കുന്നുണ്ട്.അയാളുടെ ചലനങ്ങളെ അയാളറിയാതെ തന്നെ നിരീക്ഷിക്കുവാൻ ഞാൻ യത്നിച്ചു.

സത്യത്തില്‍ എന്റെ സ്വഭാവശുദ്ധിയിൽ അയാൾക്കു ഒരു സംശയവും തോന്നാത്ത വിധത്തിൽ ഒന്നും അറിയാത്തൊരു ഭാവത്തിൽ അയാളോട് സഹകരിക്കുകയാണ് ശരിക്കും ഇപ്പോൾ ഞാൻ ചെയ്യുന്നത്.

എന്റെ നെഞ്ചിലെ തള്ളിച്ചകളെ മറയ്ക്കുന്നചുരിദാറിനിടയിൽ അയാളുടെ തുറന്നകണ്ണുകൾ ഉടക്കിയപ്പോൾ മാന്യതയുടെ സീമകൾ ലംഘിക്കുന്നുവോ എന്നു ഞാൻ ശങ്കിച്ചു. എങ്കിലും എന്റെ ബാഗിൽ നിന്ന് എന്തോ എടുക്കുന്നുവെന്ന നാട്യത്തിനിടയിൽ ഇളക്കം വന്ന ഷാൾ ശരിയാക്കുന്നതുപോലെ അതു കുറച്ചുകൂടി മുകളിലോട്ട് ചെരുകി ‘അഡ്ജസ്റ്റ്’ ചെയ്തു.

ഇപ്പോൾ എന്റെ മാറിടങ്ങളുടെ മുഴുപ്പ് അയാൾക്കു കുറച്ചു കൂടി വ്യക്തമാകും. അയാളുടെ ചൂഴ്ന്നകണ്ണുകൾ അവിടെത്തന്നെ തറച്ചു നിന്നപ്പോൾ ഉണ്ടാ‍യ ചൂളൽ കർച്ചീഫുകൊണ്ട് മുഖം തുടയക്കുന്നതിലൂടെ ഞാൻ അതിജീവിച്ചു. എന്റെ കണ്ണുകൾ ഇടയ്ക്കിടെ അയാളുടെ കണ്ണുകളിൽ ഉടക്കുമ്പോൾ ഒന്നും സംഭവിക്കാത്ത ഭാവത്തിൽ മാന്യത സംരക്ഷിച്ചതിൽ അയാളോടു എനിക്കു മതിപ്പു തോന്നി.

സുരക്ഷിതമായ സ്ഥലവും സൌകര്യവും ഒത്തുകിട്ടാത്തതുകൊണ്ട് മാത്രമാണ് സ്ത്രീകൾ ചാരിതാർഥ്യവും സദാചാരവും സൂക്ഷിക്കുന്നതെന്നു പറയുന്നതിൽ യാഥാർഥ്യമുണ്ടെന്നു ഞാൻ മനസിലാക്കുന്നു. അല്ലെങ്കിൽ ഇവിടെ, ഈ വെയിറ്റിംഗ് ഷെഡ്ഡിൽ ആരും ഇല്ലാത്ത സന്ദർഭത്തിൽ പ്രായത്തിനു ചേരാത്ത ഒരു പുരുഷനു വേണ്ടി പ്രദര്‍ശന വസ്തുവായി സഹകരിച്ചു കൊടുക്കണമോ? അയാളുമൊത്തുള്ള സമാഗമ ചിന്തകള്‍ എന്റെ മനസ്സില്‍ കടന്നുകൂടുമോ?

വിശ്വവിഖ്യാതനായ ഏതോ ഒരു ഗ്രന്ധകാരന്റെ തത്വചിന്തകളുടെ കൂട്ടത്തില്‍ നിന്നാണോ എനിക്കീ പ്രേരണ കിട്ടിയിട്ടുണ്ടാവുക? ഗ്രന്ഥമോ ഗ്രന്ധകാരനെയോ ഇപ്പോള്‍ ഓര്‍മ്മവരുന്നില്ല.

മനുഷ്യമനസിലെ ചിന്തകള്‍ക്ക് യാഥാര്‍ത്ഥ്യമെന്നോ, അയാഥാര്‍തഥ്യമെന്നോ, സംഭാവ്യമോ അസംഭാവ്യമോ എന്നോ സദാചാരമെന്നോ ദുരാചാരമെന്നോ ഒന്നുമില്ലെന്നു അങ്ങനെ ഏതോ ഒരു ഗ്രന്ഥത്തില്‍ വായിച്ചതായി ഓര്മ്മ വരുന്നു. ഓരോ മനുഷ്യനും പുറത്തു പറഞ്ഞാല്‍ തല്ലുക്കൊള്ളുന്ന എത്രയെത്ര വിചിത്ര ചിന്തകളായിരിക്കും കൊണ്ടുനടക്കുന്നത്?

അതുകൊണ്ട് യാദ്യശ്ചികമായ ഒരു സന്ദര്‍ഭത്തിലെ എന്റെ ഈ പാപ ചിന്തകള്‍ എന്നില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നത് ആകയാല്‍ അതിനെ നിയന്ത്രിക്കേണ്ട ഒരു കാര്യവുമുണ്ടെന്നു ഞാന്‍ ഇപ്പോള്‍ കരുതുന്നതേയില്ല.

ഇപ്പോള്‍ അയാള്‍ എന്റെ ശരീരത്തില്‍ നിന്നും കണ്ണുകള്‍ പിന്‍വലിച്ച് ഏതോ ഒരു സ്വപ്ന ലോകത്തിലാണ്!

എനിക്കറിയാം;അയാളുടെ ഭാവനകള്‍ക്ക് ചിറകുമുളക്കുകയാണ്. അയാള്‍ എന്നെ ഏതോ ലോകത്തിലേയ്ക്കു കൂട്ടിക്കൊണ്ടു പോവുകയാണ്. ഏതോ വിനോദസഞ്ചാരകേന്ദ്രത്തിലോ, ഏതോ ഹോട്ടെല്‍ മുറിയിലോ, ഏതോ ഒഴിഞ്ഞവീട്ടിലോ, ഏതോ ആളുചെല്ലാത്ത കുറ്റിക്കാട്ടിലോ, എവിടെയുമാകാം. ഉടയാടകള്‍ക്ക് പ്രസക്തിയില്ലാത്ത നിമിഷങ്ങളില്‍ അയാള്‍ എന്നെ മൊത്തിക്കുടിക്കുകയാകാം.

ഓരോ ഇടവേളകളിലാകാം അയാള്‍ ഇടയ്ക്കിടെ എന്നെ നോക്കിയിട്ട് വിദൂരതയില്‍ കണ്ണുനട്ട് വീണ്ടും സ്വപ്ന ലോകത്തിലിരിക്കുന്നു!

അയാള്‍ മതിയാകുവോളം സ്വപ്നം കാണട്ടെ. ആസ്വദിക്കട്ടെ. അയാളുടെ ഉള്‍ത്താരിനു ഉള്ക്കുളിരായി അയാളുടെ എല്ലാ ഇംഗിതങ്ങളോടും പൂര്‍ണ്ണാര്‍ത്ഥത്തില്‍ സഹകരിച്ച് ഞാന്‍ സഹശയിക്കട്ടെ. എന്നെ കണ്ടത് ഏതാനും ദിവസങ്ങളെങ്കിലും അയാളുടെ ഓര്‍മ്മയില്‍ കുളിരുപാകട്ടെ. എന്നെയോര്‍ത്ത് ഉയിര്‍ കൊള്ളുന്ന പ്രേരണയില്‍ അയാളുടെ പത്നിയെ പല രാത്രികളിലും വിധേയയാക്കി സുഖം കൊള്ളട്ടെ.

നഷ്ടപ്പെടുവാനില്ലൊന്നും എനിക്കീ ശിഥില ചിന്തകളല്ലാതെ!

ഒരു ഓട്ടോറിക്ഷയുടെ ആഗമനമറിഞ്ഞ് കടയില്‍ നിന്നു പയ്യന്‍ റോഡിനരികിലേക്കു വേഗം ഇറങ്ങിവന്നു. കാലി ഓട്ടോയാണെന്നു കണ്ട് കൈ കാട്ടി നിറുത്തിച്ചു. പിന്നെ തിരിച്ചുചെന്നു ബഞ്ചിലിരുന്ന ആ മധ്യ വയസ്ക്കനെ പിടിച്ചെഴുന്നേലപിച്ച് നടത്തിക്കുന്നു.ഞാന്‍ തെല്ലോന്നു ആശ്ചര്യപ്പെട്ടു.

അയാൾക്കു അസുഖം വല്ലതുമായിരിക്കുമോ? അതോ അംഗവൈകല്ല്യമോ?

പയ്യൻ പിടിച്ചുനടത്തിയ്ക്കുമ്പോഴും അയാളുടെ കാലുകൾക്കു കുഴപ്പമില്ലെന്നു മനസ്സിലാക്കി.പിന്നെ.......?

രണ്ടുമൂന്നു ചുവടുവച്ചതും പയ്യന്റെ വഴികാട്ടലും ശ്രദ്ധിച്ചപ്പോൾ ആ അപ്രിയ സത്യം തെല്ലു സങ്കോചത്തോടെ ഞാന്‍ അറിഞ്ഞു;

അയാള്‍ അന്ധനാണ്!

അയാളെ ഓട്ടോയില്‍ കയറ്റി സഹായിയായ പയ്യനും കൂടെ കയറി കിഴക്കോട്ടു യാത്ര തിരിയ്ക്കുമ്പോള്‍ പടിഞ്ഞാറേയ്ക്കുള്ള വണ്ടി എനിയ്ക്കു വേണ്ടി വന്നു നിന്നു. അമളി പറ്റിയ ദുര്‍ബല നിമിഷങ്ങളെ പഴിച്ച് ഞാനും യാത്രയായി.